
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കൻവർ വിജയ് ഷായ്ക്ക് ബിജെപിയുടെ സംരക്ഷണം. വിഷയം കോടതി പരിഗണിക്കുന്നതിനാൽ ഇപ്പോൾ രാജി ആവശ്യപ്പെടേണ്ടെന്നും മന്ത്രിയുടെ ഒപ്പം നിൽക്കാനുമാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.
സംസ്ഥാനത്തെ ബിജെപി നേതാക്കൾ വിഷയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷമാണ് മന്ത്രിയുടെ ഒപ്പം നിൽക്കാനുള്ള തീരുമാനം പാർട്ടി കൈക്കൊണ്ടത്. കോടതിയുടെ തീരുമാനം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം വിജയ് ഷായ്‌ക്കൊപ്പം നിൽക്കുന്നത്.
‘ഇക്കാര്യത്തിൽ കോടതി തീരുമാനം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കോടതി തീരുമാനത്തിനൊപ്പമാണ്. അവർ പറയുന്നത് പോലെ ചെയ്യും. വിജയ് ഷായുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോൺഗ്രസ് ആദ്യം ചോദിക്കേണ്ടത് സിദ്ദരാമയ്യയുടെ രാജിയാണ്. മാത്രമല്ല, മിക്ക കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസുകളുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ അടക്കം കോൺഗ്രസ് പിന്തുണച്ചതല്ലേ, അതുകൊണ്ട് ഈ വിഷയത്തിൽ സംസാരിക്കാൻ കോണ്‍ഗ്രസിന് ഒരു അവകാശവുമില്ല’; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയ്ക്കെതിരെയും മധ്യപ്രദേശ് മന്ത്രി കൻവർ വിജയ് ഷായ്ക്ക് എതിരെയും രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.