NationalNews

ഡല്‍ഹി സ്‌ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.’ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ചു.

സ്ഫോടന വാര്‍ത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രിയങ്ക എക്സില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാക്കള്‍ക്ക് ദൈവം ശാന്തി നല്‍കട്ടെയെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു. സംഭവം അത്യന്തം ദുഖകരമാണെന്നും സര്‍ക്കാര്‍ സമഗ്രമായി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button