NationalNews

ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി മെഡിക്കല്‍ കമ്മീഷന്‍

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കി. മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നീ ഡോക്ടര്‍മാരുടെ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍ (ഐഎംആര്‍), ദേശീയ മെഡിക്കല്‍ രജിസ്റ്റര്‍ (എന്‍എംആര്‍) എന്നിവയാണ് അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിയത്.

ഇവര്‍ക്ക് ഇന്ത്യയില്‍ ഇനി ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. ജമ്മു കശ്മീര്‍ പൊലീസും ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് മെഡിക്കല്‍ കൗണ്‍സിലുകളും ശേഖരിച്ച നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസമില്‍ ഷക്കീല്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍ ജമ്മു കശ്മീര്‍ മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഷഹീന്‍ സയീദിന്റെ രജിസ്‌ട്രേഷന്‍ ഉത്തര്‍പ്രദേശ് മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. എന്‍എംസി ഉത്തരവ് വന്നതോടെ ഇന്ത്യയില്‍ ഒരിടത്തും ചികിത്സ നടത്താനോ പദവികള്‍ വഹിക്കാനോ ഇവര്‍ക്ക് കഴിയില്ല.

എല്ലാ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളോടും നാല് പേരുടെയും രേഖകള്‍ അപ്ഡേറ്റ് ചെയ്യാനും നാല് പേരും ഒരു സാഹചര്യത്തിലും പ്രാക്ടീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാര്‍ക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എന്‍എംസിയുടെ ഉത്തരവില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button