
വായുമലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വിമാന സർവീസുകൾ റദ്ദാക്കി. 40 സർവീസുകളാണ് റദ്ദാക്കിയത്. 4 എണ്ണം വഴി തിരിച്ചു വിട്ടു. മൂടൽ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സർവീസുകൾ റദ്ദാക്കിയത് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വലച്ചു. ദിവസങ്ങളായി നിർത്തി വച്ചിരുന്ന സർവീസ് പുനരാരംഭിച്ച ഇൻഡിഗോ അടക്കമുള്ള സർവീസുകളാണ് തടസം നേരിടുന്നത്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക 490 എക്യുഐക്ക് മുകളിൽ ആയിട്ടുണ്ട്. അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന തീവ്ര മലിനീകരണം (severe) എന്ന കാറ്റഗറിയിലാണ് ഇത് വരുന്നത്.
498 എന്ന എക്യുഐ രേഖപ്പെടുത്തിയ ജഹാംഗീർപുരിയിലാണ് മലിനീകരണം ഏറ്റവും തീവ്രം. എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം (AQEWS) അനുസരിച്ച്, ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അടുത്ത ആറ് ദിവസത്തോളം ഗുരുതരമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ നീക്കം.




