
സംസ്ഥാനത്തെ പാമ്പുകടിയേറ്റുളള മരണങ്ങളില്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളും ആന്റി സ്നേക്ക് വെനം ലഭ്യമാക്കും. കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്താനും തീരുമാനമായി. ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കും.
ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസം പ്രത്യേകമായി നിരീക്ഷിക്കും. റഫറല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ആന്റി വെനം ഉളള ആശുപത്രികളില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള PHC/CHC കളില്‍ ആന്റി സ്നേക്ക് വെനം ലഭ്യമാക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറല്‍ ആശുപത്രികളും കൂടുതല്‍ ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൂടുതല്‍ പരിശീലനം നല്‍കാനും തീരുമാനമായി.
അതേസമയം, സംസ്ഥാനത്ത് വീണ്ടും പാമ്പിനെ പിടികൂടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് വടക്കഞ്ചേരിയിലാണ് വീടിന് സമീപത്തുനിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വടക്കഞ്ചേരി സ്വദേശി രമേശിന്റെ വീടിന്റെ പിന്‍വശത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. രമേശിന്റെ മകള്‍ പിന്‍വശത്തെ വാഷിംഗ് മെഷീന്റെ അടുത്ത് നില്‍ക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. വനംവകുപ്പ് വാച്ചര്‍ മുഹമ്മദാലി എത്തി പാമ്പിനെ പിടികൂടി. പിന്നീട് വനംവകുപ്പിന് കൈമാറി.
ഇടുക്കിയില്‍ തൊഴിലാളിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. മണിയാറന്‍കുടി പെരിങ്കാല സ്വദേശി മോന്‍സി(48)യ്ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് മോന്‍സിക്ക് പാമ്പിന്റെ കടിയേറ്റത്.




