KeralaNews

ശബരിമല നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്ത് നൽകുന്നത്. സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

ശബരിമലയിലെ നെയ്യ് വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. 2025-2026 കാലയളവിലേക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ലിറ്റർ നെയ്യ് വാങ്ങാനുള്ള കരാറാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുണ്ടായിരുന്നത്. ഇതിൽ ഒന്നര ലക്ഷം ലിറ്റർ നെയ്യ് മിൽമ വിതരണം ചെയ്തു. ബാക്കി നൽകിയിട്ടില്ല. അയ്യായിരം ലിറ്ററിൻ്റെ 30 ബാച്ചായാണ് ശബരിമലയിൽ നെയ്യെത്തിയത്. ഇതിൽ ആറ് ബാച്ച് മാത്രമാണ് പരിശോധിക്കാനായത് . ഇവയെല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇത് സാധാരണയായി ഭക്ഷ്യവസ്തുവിൽ മായം കലർത്തിയ സംഭവം മാത്രമല്ല. വിശ്വാസികളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണ് ഉണ്ടായത്. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയുൾപ്പെടെ അന്വേഷിക്കണം മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമലയിൽ എത്തിച്ച ശേഷമാണോ അതിന് മുമ്പാണോ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകണം. ഏതായാലും ഇനി ഇത്തരമൊരു സംഭവം ഉണ്ടാകില്ല. അതിനുള്ള മുന്നൊരുക്കം സർക്കാർ നടത്തും. ഇനിമുതൽ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യുടെ പരിശോധന ബാച്ച് അടിസ്ഥാനത്തിൽ നടത്തും.
പുറത്തുനിന്ന് വാങ്ങിയാൽ നിർമ്മാണകേന്ദ്രം മുതൽ എത്തിക്കുന്നത് വരെയുള്ള ഘട്ടം ഡിജിറ്റൽ ട്രാക്കിംഗ് നടത്തും.സപ്ലൈ ചെയിനിലെ ഡിജിറ്റൽ മൂവ്മെന്റ് രജിസ്റ്റർ ഉൾപ്പെടെ ഉറപ്പാക്കുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button