സി.പി.എം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ച മധുരയില്‍ ചെങ്കൊടിയേറും. 1972ല്‍ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന മധുര നീണ്ട 53 വര്‍ഷത്തിനു ശേഷമാണ് രാജ്യത്തെ പ്രധാന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അഖിലേന്ത്യ സമ്മേളനത്തിന് വീണ്ടും വേദിയാകുന്നത്. വിവിധ രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ സമ്മേളന നഗരിയില്‍ സംഗമിച്ചു. കീഴ്വെണ്‍മണി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണന്‍ കൈമാറിയ പതാക, ജാഥയായി കേന്ദ്ര കമ്മിറ്റി അംഗം യു. വാസുകിയുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലെത്തും.
ബുധനാഴ്ച രാവിലെ പാര്‍ട്ടി കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എ.കെ. പത്മനാഭന്‍ പതാക ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികളാരംഭിക്കും. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്കുശേഷം പത്തരക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പോളിറ്റ് ബ്യൂറോ കോഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കമുള്ളവര്‍ സംസാരിക്കും. ഉച്ചതിരിഞ്ഞാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. മൂന്നിന് വൈകീട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും.
2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഈ സമ്മേളന വേളയില്‍ ജ്വലിക്കുന്ന ഓര്‍മയാണ്. ഇരുവരുടെയും നാമധേയത്തിലാണ് സമ്മേളന, പ്രതിനിധി സമ്മേളന നഗരികള്‍. കേരളത്തില്‍ നിന്നുള്ള 175 പേരടക്കം 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറിന് റിങ് റോഡ് ജങ്ഷനുസമീപം എന്‍. ശങ്കരയ്യ സ്മാരക ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.