
സിപിഐഎമ്മിനേയും ആര്‍എസ്എസിനേയും ഒരുപോലെ കണ്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സിപിഐഎം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അസംബന്ധവും അപലപനീയവുമാണെന്ന് സിപിഐഎം പ്രതികരിച്ചു. കേരളത്തില്‍ ആര്‍എസ്എസിനെതിരെ പൊരുതുന്നത് ആരാണെന്ന് രാഹുല്‍ ഗാന്ധി മറക്കുന്നുവെന്നും സിപിഐഎം പറഞ്ഞു. എക്‌സിലൂടെയായിരുന്നു സിപിഐഎമ്മിന്റെ പ്രതികരണം.
കാവി ഭീകരതയെ പ്രതിരോധിക്കുന്നതിനിടെ നിരവധി പ്രവര്‍ത്തകരെയാണ് സിപിഐഎമ്മിന് നഷ്ടമായത്. കേരളത്തില്‍ കോണ്‍ഗ്രസും ആര്‍എസ്എസും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയാണ്. കേരളത്തിലേക്ക് കാലെടുത്ത് കുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും ആ ശൈലി തുടരുകയാണെന്നും സിപിഐഎം പറഞ്ഞു.
കെപിസിസി കോട്ടയത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി സ്മൃതി സംഗമത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. താന്‍ ആര്‍എസ്എസിനേയും സിപിഐഎമ്മിനേയും പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. താന്‍ അവരോട് പോരാടുന്നത് ആശയപരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെക്കുറിച്ചുള്ള വികാരങ്ങളും ചിന്തകളും ഇല്ല എന്നതാണ് ആര്‍എസ്എസിനേയും സിപിഐഎമ്മിനേയും കുറിച്ചുള്ള തന്റെ ഏറ്റവും വലിയ പരാതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.