
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ സ്പീക്കറും സിപിഐഎം നേതാവുമായ എഎന്‍ ഷംസീര്‍. അദ്വൈതത്തിന് അര്‍ത്ഥം നല്കിയ ഗുരുദേവന് പുതുമടിശീലക്കാരുടെ മടിയില്‍ പിടഞ്ഞു വീണു മരിക്കുന്നുവെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീനാരായണ ഗുരുവിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് എഎന്‍ ഷംസീറിന്റെ വിമര്‍ശനം.
നേരത്തെ വെള്ളാപ്പള്ളി നടേശന് എഎന്‍ ഷംസീറിനെതിരെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗിന്റെ മനസാണെന്നാണ് വെളളാപ്പളളി പറഞ്ഞത്. പിണറായിയെപ്പോലുളളവര്‍ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളില്‍ എത്തിയതെന്നും, എന്നാല്‍ ഷംസീര്‍ ചുളുവിലാണ് അധികാരത്തില്‍ വന്നതെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഎന്‍ ഷംസീറിന്റെ പരോക്ഷ മറുപടി.
ഇടതുപക്ഷത്തെയും പിണറായിയെയും തോല്‍പ്പിച്ചത് സ്ഥാനമോഹികളായ കമൃൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശന് തുറന്നടിച്ചിരുന്നു. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടര്‍ഭരണത്തില്‍ നിന്ന് ഇറക്കിയത്. നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. സഖാക്കള്‍ ഭരണത്തില്‍ സുഖിച്ചതുകൊണ്ടാണ് മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.



