പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയുള്ള പി കെ ശശിയുടെ പ്രതികരണങ്ങളെ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ശശിയ്ക്ക് ജില്ലാ നേതൃത്വം മറുപടി പറയേണ്ട കാര്യമില്ലെന്നും ഇ എൻ സുരേഷ് ബാബു പരോക്ഷമായി വ്യക്തമാക്കി. സിപിഐഎമ്മിന് 42,222 പാർട്ടി അംഗങ്ങൾ പാലക്കാട് ജില്ലയിലുണ്ട്. അവരിൽ ആരെങ്കിലും എവിടെയെങ്കിലും പറയുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ട ഒരുകാര്യവും പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനില്ല എന്നായിരുന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ നിലപാട്.
യുഡിഎഫ് ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിക്കെതിരായ നിലപാടാണ് മണ്ണാർക്കാട് നഗരസഭയുടെ കാര്യത്തിൽ സിപിഐഎമ്മിനുള്ളത്. ആരെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചെങ്കിൽ ആ ഘടകം അത് ചർച്ച ചെയ്ത് തിരുത്തുമെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. പി കെ ശശിയെ പൂർണ്ണമായി അവഗണിക്കുന്നുവെന്നാണ് പരോക്ഷമായി സുരേഷ് ബാബു പറഞ്ഞിരിക്കുന്നത്.
പാലക്കാട് എം പി വി കെ ശ്രീകണ്ഠനെതിരെയും സിപിഐഎം ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിച്ചു. കോൺഗ്രസിനെ കാണുന്ന കണ്ണിൽ സിപിഐഎമ്മിനെ വിലയിരുത്താൻ മാത്രം വി കെ ശ്രീകണ്ഠൻ എം പി വളർന്നിട്ടില്ലെന്നായിരുന്നു ഇ എൻ സുരേഷ് ബാബുവിൻ്റെ വിമർശനം. വി കെ ശ്രീകണ്ഠൻ എം പി ഒക്കെയായിരിക്കും പക്ഷെ അതിനുള്ള ശേഷി അയാൾക്കായിട്ടില്ല. മാധ്യമങ്ങളെ കാണുമ്പോൾ സ്വപ്ന ലോകത്തെ ബാലഭാസ്കരൻ എന്ന സിനിമയിലേത് പോലെ സ്വപ്നലോകത്തിരുന്നാണ് വി കെ ശ്രീകണ്ഠൻ പലകാര്യങ്ങളും പറയുന്നത്. ശ്രീകണ്ഠൻ എന്തെല്ലാം ആയി തീർന്നാലും സിപിഐഎമ്മിനെ വിമർശിക്കാൻ തൽക്കാലം വളർന്നിട്ടില്ലെന്നായിരുന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിനെതിരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സാമൂഹ്യവിരുദ്ധനാണ് പടക്കം എറിഞ്ഞതെന്നും സുരേഷ് ബാബു വ്യക്തമാക്കി. അയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പാലക്കാട് ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.