
തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ മെയ് 6ന് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം.
കുടുംബത്തിലെ നാല് പേരെ പ്രതി കേഡല്‍ ജിന്‍സണ്‍ കൊലപ്പെടുത്തിയ കേസില്‍ വിധി വരുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
2017 ഏപ്രില്‍ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാര്‍ കരുതിയത്. വീടു പൊളിച്ചു അകത്തുകടന്ന പൊലീസ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങളാണ്. അതിനരികില്‍ ടാര്‍പ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ നിലയില്‍ പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹവും. തൊട്ടടുടുത്ത് തന്നെ പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയുമുണ്ടായിരുന്നു.
പ്രൊഫ. രാജാ തങ്കം, ഭാര്യ ഡോ. ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജാ തങ്കത്തിന്റെ മകന്‍ കേദല്‍ ജിന്‍സണ്‍ രാജയെ കാണാനില്ലായിരുന്നു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചു. മൂന്നാംപക്കം കേദല്‍ തിരുവന്തപുരത്ത് നിന്ന് പിടിയിലായി.
ചെന്നൈയിലെ ഒളിവ് വാസത്തിന് ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ആഭിചാരക്രിയയാണ് കൊലപാതകത്തിന് കാരണം. ആത്മാക്കള്‍ പരലോകത്തേക്ക് പറക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു ഈ ക്രൂരകൊലപാതകമെന്ന് കേദല്‍ പറഞ്ഞു.
ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു.
ശരീരത്തിലെ 9 മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയില്‍ വെട്ടിയാണു രാജയെ കൊന്നതെന്നാണു നിഗമനം.സാത്താന്‍സേവയ്ക്ക് അടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്. ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.