
ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന് രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്.
എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെടും. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിക്കും. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ ലൊക്കേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു.
കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന് നിലപാട് കോടതി അംഗീകരിച്ചു.


