അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ഇല്ലെന്ന് കോടതി. കേസിലെ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. വിചാരണ അടുത്ത മാസം 15നാണ് ആരംഭിക്കുന്നത്.
മാദ്ധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം നിഷേധിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ഹർജി തള്ളിയത്. വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാദ്ധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടുത്ത മാസം മുതൽ പരസ്യ വിചാരണയാണ് ആരംഭിക്കുന്നത്. നാല് മാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു (20) കോളേജ് ഹോസ്റ്റലിന് സമീപം കുത്തേറ്റ് മരിക്കുന്നത്. കാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 16 പ്രതികളാണ് കേസിൽ നേരിട്ട് വിചാരണ നേരിടുന്നത്.



