News

സ്വകാര്യ ചിത്രങ്ങളെ ചൊല്ലിയുളള തർക്കം; വ്യവസായി കൊല്ലപ്പെട്ടു, യുവതിയും കാമുകനും പിടിയിൽ

ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവതിയും കാമുകനും പിടിയിൽ. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവരെയാണ് കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സംഭവത്തിന് പിന്നാലെ രാത്രിയിൽ കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് പിടികൂടിയത്.

സന്ദീപ് കുമാർ കാംബ്ലെ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് സന്ദീപ് കുമാർ കാംബ്ലെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂനെ സ്വദേശിയായ കാർ ഡീലറാണ് ഇയാൾ.

കഴിഞ്ഞ കൊൽക്കത്ത എയർപോർട്ടിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്യവേയാണ് അഞ്ജലി കാംബ്ലെയുമായി പരിചയപ്പെടുന്നത്. പിന്നീട് അവർ കൊൽക്കത്തയിലും പൂനെയിലും കണ്ടുമുട്ടുകയും ഹോട്ടലുകളിൽ പലതവണ താമസിക്കുകയും ചെയ്തു. വിവാഹിതനും 13 വയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമായ സന്ദീപ്, തന്നെ വിവാഹം കഴിക്കാൻ അഞ്ജലിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് സമ്മതിച്ചില്ല.

ഈ സമയം അഞ്ജലിയും ബികാഷും തമ്മിൽ ബന്ധമുണ്ടായിരുന്നു. കാംബ്ലെയുടെ കൈയിൽ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. അത് ഉപയോഗിച്ച് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയം മൂലമാണ് കൊലപ്പെടുത്തിയതെന്ന് അഞ്ജലി പൊലീസിനോട് കുറ്റസമ്മതം നടത്തി.

അഞ്ജലിയും കാംബ്ലെയും കൊൽക്കത്തയിലെ ഹോട്ടലിൽ വെച്ച് കാണുന്നതിന് തീരുമാനിച്ചു. എന്നാൽ കാംബ്ലെ അത് ഗുവാഹത്തിയിലേക്ക് മാറ്റുകയും അവിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. അഞ്ജലിയും ബികാഷും ഒരുമിച്ച് ഗുവാഹത്തിയിലെത്തുകയും കാംബ്ലെ അറിയാതെ അതേ ഹോട്ടലിൽ ബികാഷ് മുറിയെടുക്കുകയും ചെയ്തു.

സന്ദീപിന്റെ കൈവശമുള്ള ചിത്രങ്ങൾ നശിപ്പിക്കുന്നതിനായി അയാളെ മയക്കി കിടത്തുന്നതിനായി അഞ്ജലിയും ബികാഷും മയക്കുമരുന്ന് കലർത്തിയ ലഡ്ഡു കരുതിയിരുന്നു. അഞ്ജലിയും കാംബ്ലെയും താമസിക്കുന്ന മുറിയിലേക്ക് ബികാഷ് എത്തിയതോടെ കാംബ്ലെ രോഷാകുലനായി. ഇത് വാക്കേറ്റത്തിലേക്കും തുടർന്ന് അടിപിടിയിലേക്ക് കലാശിക്കുകയും ചെയ്തു. അടിപിടിയിൽ കാംബ്ലെയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് അഞ്ജലിയും ബികാഷും ഹോട്ടൽ വിട്ടു. കാംബ്ലെയുടെ മൊബൈൽ ഫോണുകളും അവർ എടുത്തു.

ഹോട്ടലിൽ നിന്ന് ഇറങ്ങിയ ബികാഷ് റിസപ്ഷനിസ്റ്റിനെ വിളിച്ച് സന്ദീപിൻ്റെ അവസ്ഥയെക്കുറിച്ച് അറിയിച്ചു. ശേഷം മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് കാംബ്ലെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നതെന്നും പ്രതികളെ ഗുവാഹത്തിയിലെ അസാര ഏരിയയിൽ വൈകുന്നേരം 6.30 ന് കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button