രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം; ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബ്രിട്ടാസ് പറഞ്ഞു. രാഹുല്‍ കര്‍ണാടകയിലാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഭരണമാണ്. ഒരു സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വസന്നാഹം ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അധികാര വലയങ്ങള്‍ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും. കേരള പൊലീസിന് ഒളിച്ചു പോയി ചെയ്യാന്‍ കഴിയില്ല, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ബലാത്സംഗക്കേസില്‍ രാഹുല്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നും കര്‍ണാടകയിലെ വന്‍ സ്വാധീനമാണ് അദ്ദേഹത്തെ പിടികൂടാന്‍ തടസ്സമെന്നും പൊലീസ് പറഞ്ഞിരുന്നു. രാഹുലിന് കര്‍ണാടകയില്‍ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഫാം ഹൗസിലാണ് രാഹുല്‍ ഉള്ളതെന്നും സൂചനയുണ്ടായിരുന്നു.ഇതിനിടെയാണ് ബ്രിട്ടാസിന്റെ പ്രതികരണം.
അതേസമയം സര്‍ക്കാരും എയര്‍ലൈന്‍സ് കമ്പനികളും ചേര്‍ന്ന് ഒത്തുകളിച്ച് ഉണ്ടാക്കിയ പ്രതിസന്ധിയാണിപ്പോഴുണ്ടായതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വിമാനം റദ്ദാക്കിയ ഇന്‍ഡിഗോ പോലും ഇതില്‍നിന്ന് വന്‍ തുക സമ്പാദിക്കും. ടാറ്റാ കമ്പനി നേരത്തെ 757 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തിരുന്നു. അങ്ങനെ സംഭാവന നല്കിയ ടാറ്റയുടെ ഒരു കമ്പനിക്ക് യാത്രക്കാരെ പിഴിഞ്ഞ് കോടികള്‍ കൈക്കലാക്കാനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്. സര്‍ക്കാര്‍ ബോധപൂര്‍വ്വം എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് സൃഷ്ടിച്ച വലിയ ആകാശക്കൊള്ളയാണിത്. ഇതേ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് ആവശ്യമെന്നും ബ്രിട്ടാസ് പറഞ്ഞു.




