പാന്‍കാര്‍ഡ് സൂക്ഷിക്കണേ.. 25 വയസ്സുകാരന് 46 കോടിയുടെ ടാക്‌സ് അടയ്ക്കാന്‍ നോട്ടീസ്; അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് വമ്പന്‍ ഇടപാടുകള്‍!

0

25 വയസ്സുകാരനായ വിദ്യാര്‍ത്ഥിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 46 കോടിയുടെ ഇടപാടിന് ലക്ഷക്കണക്കിന് രൂപയുടെ നികുതി അടയ്ക്കാനുള്ള നോട്ടീസ് കിട്ടിയപ്പോഴാണ് തന്റെ പേരില്‍ നടക്കുന്ന വലിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഈ വിദ്യാര്‍ത്ഥി അറിയുന്നത്. മധ്യപ്രദേശില്‍ ആണ് സംഭവം. ഗ്വോളിയോര്‍ സ്വദേശി പ്രമോദ് കുമാർ ദാന്തോതിയക്കാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോട്ടീസ് ലഭിച്ചത്.

ഇയാളുടെ പേരിലുള്ള പാന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് മുംബൈയിലും ഡല്‍ഹിയിലും 2021 മുതല്‍ പ്രവര്‍ത്തിക്കുകയാണെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

‘ഞാന്‍ ഗ്വാളിയോറിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. ആദായനികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് നോട്ടീസ് ലഭിച്ച ശേഷമാണ്, മുംബൈയിലും ഡല്‍ഹിയിലും 2021-ല്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി എന്റെ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്. ഇതില്‍ എന്റെ പാന്‍ കാര്‍ഡ് എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇടപാടുകള്‍ എങ്ങനെയാണ് നടന്നതെന്നും എനിക്കറിയില്ല’ 25 കാരനായ പ്രമോദ് പറഞ്ഞു. ഈ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പിനെ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല എന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.

തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. അങ്ങനെ പ്രമോദ് അഡീഷണല്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി വീണ്ടും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

‘ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 46 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി യുവാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു വരികയാണ്. പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുകയും അതിലൂടെ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഇത്രയും വലിയ തുകയുടെ ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന കാര്യം വ്യക്തമാണ് ‘ അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് (എഎസ്പി) ഷിയാസ് കെഎം പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here