KeralaNews

വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ഥിരം ദുരന്ത നിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയില്‍ ആരംഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എത്രരൂപ വേണമെങ്കിലും ചെലവാക്കാനുളള അധികാരം കൊടുത്തിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. വെളളം ഒഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ വെളളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലേറെ പേര്‍ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതല്‍ ക്യാമ്പുകള്‍. അവിടയാണ് വെളളം ഇറങ്ങാത്ത പ്രശ്‌നമുളളത്. നടപടിക്രമങ്ങള്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. എത്ര രൂപ വേണമെങ്കിലും ചെലവാക്കാനുളള അധികാരം കൊടുത്തിട്ടുണ്ട്. ക്യാമ്പില്‍ ശുചിയായി നല്ല ഭക്ഷണം കൊടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യം കുറവുളളയിടങ്ങളില്‍ ബയോ ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളളം ഒഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ വെളളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായമായി നല്‍കും’, വി ഡി സതീശൻ പറഞ്ഞു.

വനത്തിനകത്ത് ധാരാളം ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഭാഗ്യം കൊണ്ടാണ് വലിയ അപകടങ്ങളോ മരണങ്ങളോ ഉണ്ടാകാതിരുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ‘ഫലപ്രദമായ ദുരന്തനിവാരണ സംവിധാനം ഉണ്ടാക്കുന്നതിന് പ്രാധാന്യം നല്‍കും. സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും ആവശ്യമായ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് ഹെലികോപ്റ്ററുകള്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീമുകളെയും പൊലീസിനെയും സജ്ജമാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിനെയും ആര്‍ടിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. മണ്ണൊലിപ്പിനെയും ഉരുള്‍പൊട്ടലിനെയുമാണ് ഭയക്കുന്നത്. 150ല്‍ അധികം ആളുകളുളള ക്യാമ്പുകള്‍ രണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ക്യാമ്പുകളിലുണ്ട്’: വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button