KeralaPolitics

ചാണക കുഴിക്ക് 3.72 ലക്ഷമോ? ‘എം.ടിയുടെ വിമര്‍ശനത്തിന് വഴിവെച്ചത് ക്ലിഫ് ഹൗസിലെ ധൂര്‍ത്തും മുഖ്യമന്ത്രിയുടെ ഏകാധിപത്യവും’; എം.ടിയുടെ വാക്കുകളില്‍ മുഖ്യമന്ത്രി അസ്വസ്ഥന്‍

തിരുവനന്തപുരം: തന്നെ അടുത്തിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുത്ത് തിരിച്ചുള്ള യാത്രയിലുടനീളം മുഖ്യമന്ത്രി ഒന്നും മിണ്ടാതെ കുപിതനായി ഇരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ച് വെട്ടിമൂടിയെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്‍ശിച്ചു. എം.ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയല്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുമ്പോഴും എം.ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സൈബര്‍ സഖാക്കളും ഒരുപറ്റം ഇടത് ബുദ്ധിജീവികളും.

ക്ലിഫ് ഹൗസിലെ ധൂര്‍ത്തും മുഖ്യമന്ത്രിയുടെ ജീവന്‍രക്ഷാ പ്രവര്‍ത്തന പ്രയോഗവുമാണ് എം.ടിയുടെ വിമര്‍ശനത്തിലേക്ക് നയിച്ചത്. ക്ഷേമ പെന്‍ഷന്‍ കിട്ടാതെ 87 വയസ്സ് കഴിഞ്ഞ മറിയകുട്ടി ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചപ്പോള്‍, അതിനെ ഭരണവര്‍ഗം നേരിട്ട നടപടിയും എം.ടിയെ ക്ഷുഭിതനാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ക്ലിഫ് ഹൗസില്‍ 3.72 ലക്ഷത്തിന്റെ ചാണക കുഴി നിര്‍മാണവും 6 ലക്ഷത്തിന്റെ വാട്ടര്‍ ടാങ്കും 42.50 ലക്ഷത്തിന്റെ കാലിതൊഴുത്ത് നിര്‍മ്മാണവും എം.ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചാണക കുഴിക്ക് 3.72 ലക്ഷമോ എന്ന ചോദ്യം എം.ടി അടുത്ത വൃത്തങ്ങളോടായി ചോദിച്ചിരുന്നു.

അതേസമയം, എം.ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളാണ് രാഷ്ട്രീയ കേരളത്തില്‍ നടക്കുന്നത്.

എം.ടിയുടെ വാക്കുകള്‍ നിസ്സാരമായ ഒരു പൊട്ടിത്തെറിയല്ലെന്നും അതൊരു ഗ്രാന്റ് പ്ലാനിന്റെ ഭാഗമാണെന്നുമാണ് ഇടത് സൈബര്‍ കേന്ദ്രങ്ങളുടെ നിലപാട്. എം.ടിക്ക് ഈ പ്രായത്തിലും എന്തോ ദുരുദ്ദേശുണ്ടെന്നായിരുന്നു തോമസ് ഐസക്കിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഗോപാകുമാര്‍ മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍, എം.ടി വാസുദേവന്‍ നായര്‍ പലപ്പോഴും നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ കൊടിയുടെ നിറമോ പാര്‍ട്ടിയുടെ ശക്തിയോ നോക്കിയട്ടല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ്.

മുത്തങ്ങ വെടിവെയ്പ്പിനെതിരെയും നോട്ട് നിരോധനത്തിനെതിരെയും എം.ടി സംസാരിച്ചത് എന്തെങ്കിലും ദുരുദ്ദേശത്തോടെയായിരുന്നെന്ന് സിപിഎമ്മുകാര്‍ പോലും സമ്മതിക്കില്ല. ആരുടെയെങ്കിലും ഔദാര്യവും അധികാരത്തിന്റെ അപ്പക്കഷണങ്ങളും എം.ടിയെ പ്രലോഭിപ്പിച്ചിട്ടില്ലെന്നും മലയാളിക്ക് അറിയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button