
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പ്രസ് ക്ലബ്ബിൽ സംവാദ പരിപാടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് വസ്തുതയാണ്. കാണണമെന്ന് അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്. അവർ
വർഗീയ വാദികൾ ആണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധർ എന്ന് അന്ന് തന്നെ താൻ ചോദിച്ചു. ശേഷം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത അഭിപ്രായപ്രകടനം മാത്രം; മകളുടെ പരാമർശം തിരുത്തി മുനവ്വറലി
ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായി ഒരു നിലപാടും എൽഡിഎഫ് ഒരുഘട്ടത്തിലും എടുത്തിട്ടില്ല. ആരും ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കേണ്ട. 1992ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടിവന്നു. ഇതിലുള്ള പ്രതിഷേധമായാണ് 1996ൽ ജമാ അത്തെ ഇസ്ലാമി മനസില്ലാമനസോടെ ഇടതുപക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെ ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാഅത്തെക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കോൺഗ്രസ് ഇപ്പോൾ മത്സരിക്കുകയാണ്. മുൻപുള്ള നിലപാടല്ല അവർക്ക് ഇന്ന്. ഇപ്പോൾ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമി അവർക്ക് തങ്കക്കുടങ്ങളായി മാറിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജമാഅത്തെ ഇസ്ലാമി അവരുടെ വർഗീയവാദത്തിൽനിന്നും അണുകിട മാറിയിട്ടില്ല. മാറിയത് യുഡിഎഫാണ്. ജമാഅത്തെക്ക് എന്ത് മാറ്റമുണ്ടായെന്ന് യുഡിഎഫ് വ്യക്തമാക്കണം. ജമാഅത്തെക്ക് അനുകൂലമായ നിലപാട് ഒരിക്കലും സിപിഐഎമ്മും എൽഡിഎഫും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തെ അംഗീകരിച്ചു കൊണ്ട് പ്രവർത്തിക്കുകയാണിപ്പോൾ. എങ്ങനെയെങ്കിലും വോട്ട് കിട്ടണം എന്നാണ് ലീഗ് നിലപാട്. ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വർഗീയ വാദികളാണ്. നാലുവോട്ടിനായി കോൺഗ്രസിന് അവരിപ്പോൾ തങ്കക്കുടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



