NationalNews

ഇന്ത്യാ -പാക് സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി ചൈന, ഇരുരാജ്യങ്ങളും സമാധാനം പാലിക്കണം

ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചൈന വ്യക്തമാക്കി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്കെത്തെണമെന്നും വ്യക്തമാക്കുന്നു.

സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്താന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ ഒരു മേഖലയ്ക്കും ഇത് പ്രധാനമാണ്. ഇതാണ് അന്താരാഷ്ട്ര സമൂഹം കാണാന്‍ ആഗ്രഹിക്കുന്നതും. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ ചൈന തയാറാണ് – പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിക്കിടയിലും ജമ്മുകശ്മീരില്‍ പ്രകോപനം പാകിസ്താന്‍ തുടരുകയാണ്. പൂഞ്ചിലും രജൗരിയിലും തുടര്‍ച്ചയായി ഡ്രോണുകളെത്തി. പാക് ഡ്രോണ്‍ ആക്രമണത്തില്‍ അഡീഷണല്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടു. ജമ്മുകശ്മീരീല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിട്ടെത്തി.

ജമ്മുവിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ ഉള്‍പ്പെടെയാണ് പാക് പ്രകോപനം. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്‌ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്. സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം ഉപയോഗിച്ചാണ് സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button