Kerala

വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ സമ്മാനം ; ചീഫ് മിനിസ്റ്റേർസ് ട്രോഫി മെഗാ ക്വിസ്; അറിയേണ്ടതെല്ലാം

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ നിയമാവലി പുറത്തിറക്കി.

കോളേജ് തല മത്സരങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. സ്‌കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.

കോളേജ് തല മത്സരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

  • ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക്, രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ്. മുഖേന യൂസർനെയിമും പാസ്‌വേഡും ലഭിക്കും. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലോഗിൻ വിവരങ്ങൾ പരിശോധിക്കണം.
  • മത്സരം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ്, അതായത് ജനുവരി 12-ന് രാവിലെ 10.30 ന് ഐഡിയിൽ ലോഗിൻ ചെയ്ത്, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ആദ്യം ക്വസ്റ്റ്യൻ പേപ്പർ ഡൗൺലോഡ് ചെയ്യണം. തുടർന്ന് രാവിലെ 11.00 മണിയോടെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
  • പ്രാഥമിക മത്സരങ്ങൾ ജനുവരി 12-ന് രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിക്കണം. രാവിലെ 10.30-ന് തന്നെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കണം.
  • മത്സരം പൂർണമായും എഴുത്തുപരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടത്തി കോളേജ്തല വിജയികളെ കണ്ടെത്തണം.
  • പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും, ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളും നൽകുന്നതായിരിക്കും.
  • മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കണം. വീണ്ടും സമനില വന്നാൽ, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കണം.
  • മൂല്യനിർണയത്തിന് ശേഷം മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സുകളിൽ വായിച്ച് വിശദീകരിക്കണം.
  • കോളേജുകളിൽ ആദ്യ നാല് സ്ഥാനക്കാർ കണ്ടെത്തണം. ഒന്നും രണ്ടും സ്ഥാനക്കാർ ഒന്നാം ടീമും, മൂന്നും നാലും സ്ഥാനക്കാർ രണ്ടാം ടീമുമായിരിക്കും ജില്ലാ തലത്തിൽ നിന്ന് മത്സരിക്കുന്നത്.
  • വിജയികളുടെ വിവരങ്ങൾ മത്സര ദിവസം വൈകുന്നേരം 5.00 മണിക്ക് മുൻപ് www.cmmegaquiz.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.
  • ക്വിസിന്റെ അടിസ്ഥാന സൂചകമായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി പരമാവധി വിദ്യാർത്ഥികളിലേക്കെത്തിക്കണം. ഇത് www.cmmegaquiz.kerala.gov.in വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • മത്സരത്തിന്റെ പ്രചാരണ പോസ്റ്ററുകൾ പരമാവധി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.
  • മത്സര വിജയികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയ്ക്കും മാധ്യമങ്ങൾക്കും സമയബന്ധിതമായി നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button