കോട്ടയം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഇഡിക്ക് മുന്നിലും ഹാജരാകേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിക്കഴിഞ്ഞുവെന്നും ഷോണ്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകള്‍ കൈമാറും. മുഖ്യമന്ത്രിയിലും വീണാ വിജയനിലും മാത്രം അന്വേഷണം ഒതുങ്ങില്ല. ഇടപാടുകള്‍ കൂടി പുറത്തുവരണം ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.അതേസമയം, മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കൊച്ചിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്.
ഏപ്രില്‍ 22ന് കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരിഗണിക്കും. തല്‍ക്കാലം എസ്എഫ്‌ഐഒ നടപടികള്‍ക്ക് സ്റ്റേയില്ല. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവും കോടതിയില്‍ ഹാജരായി. ഒരു വര്‍ഷത്തോളമായി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീന്‍ ചവ്ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോള്‍ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിച്ചത്.