Blog

ചാർട്ടേഡ് വിമാനയാത്രാ വിവാദം: സ്പോൺസർ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം; മുഖ്യമന്ത്രിക്ക് തിരിച്ചടി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ ലോകായുക്തയിൽ സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചു. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായ സൂചനകളാണ് ഡി.ജി.പി റവാദ ചന്ദ്രശേഖറുടെ സത്യവാങ്മൂലത്തിലുള്ളത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് ഈ വിവരങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

നിലമ്പൂരിലെ പ്രളയസമയത്ത് അടിയന്തര യാത്രയ്ക്കായി ചിപ്‌സൺ കമ്പനിയുടെ ചാർട്ടേഡ് വിമാനം ലഭ്യമാക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഡി.ജി.പി വ്യക്തമാക്കുന്നു. മുൻപ് വാർത്താസമ്മേളനത്തിൽ യാത്രയുടെ മുഴുവൻ ചെലവും ഒരു സ്പോൺസറാണ് വഹിച്ചതെന്നും സർക്കാരിന് ചെലവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ലോകായുക്തയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്പോൺസറെക്കുറിച്ചോ യാത്രയ്ക്കായി ആരാണ് പണം നൽകിയതെന്നോ പരാമർശമില്ല. പകരം സർക്കാരിന്റെ ആവശ്യപ്രകാരമാണ് കമ്പനി വിമാനം നൽകിയതെന്നാണ് വ്യക്തമാക്കുന്നത്.

ചിപ്‌സൺ കമ്പനിയുടെ ഹെലികോപ്റ്റർ കരാർ കാലാവധി അവസാനിക്കാറായപ്പോൾ, മണിക്കൂറിന് വാടക നൽകുന്ന പുതിയ ഉപാധികളോടെയുള്ള ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലിരിക്കെ കമ്പനിയിൽ നിന്ന് സൗജന്യ സേവനം സ്വീകരിച്ചത് അഴിമതിയാണെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ, കമ്പനിക്ക് വഴിവിട്ട് കരാർ പുതുക്കി നൽകാനുള്ള നീക്കങ്ങളോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറിൽ കരാർ കാലാവധി അവസാനിച്ച ശേഷം ഈ കമ്പനിയെ വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, പരാതിക്കാരന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പരാതി തള്ളണമെന്നും ഡി.ജി.പി ലോകായുക്തയോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button