Kerala

വയനാട് ഉരുൾപൊട്ടൽ: സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ആർമി സംഘത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്നാണ് നാവിക സേനാ സംഘം എത്തുക.മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്.

ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുലിൽ ലഭിച്ച വിവരം അനുസരിച്ച് 57 പേരാണ് മരിച്ചത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ.ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെം​ഗളൂരുവിൽ നിന്നാണ് എത്തുക. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button