News

കേരളത്തെ അഴിമതിമുക്തമാക്കാൻ ‘പ്രോജക്‌ട്‌ സീറോ’; കൈക്കൂലി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ 5,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട്‌ സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്‌’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിൻസ്‌ ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള സമഗ്ര കർമ്മപദ്ധതിയായാണ് ‘പ്രോജക്‌ട്‌ സീറോ’ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. തെളിവുകൾ പരിശോധിച്ച് ശരിവെച്ചാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും. അപ്‌ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകൾ വിജിലൻസ് അധികൃതർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും ഈ സമ്മാനത്തുക കൈമാറുന്നത്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല.

അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയില്ലാതെ ജനങ്ങൾക്ക്‌ സേവനം ലഭ്യമാകണം. അത്‌ സർക്കാരിന്റെ ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്‌. കാലം മാറിയതനുസരിച്ച്‌ അഴിമതിയിലും മാറ്റങ്ങളുണ്ട്‌. അതുകൊണ്ടു തന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രോജക്‌ട്‌ സീറോ വിഭാവനം ചെയ്തിരിക്കുന്നത്. അഴിമതി നടന്നിട്ട്‌ അത്‌ കണ്ടെത്തുന്നതിനെക്കാൾ അത്തരം സംഭവങ്ങളുണ്ടാകാതെ തടയുന്നതിനാവും മുൻഗണന നൽകുക. 1969ൽ നിർമ്മിച്ച വിജിലൻസ്‌ മാന്വൽ കാലോചിതമായി പരിഷ്‌കരിക്കും. വിജിലൻസ്‌ നടത്തുന്ന മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. ചടങ്ങിൽ പ്രോജക്‌ട്‌ സീറോയുടെ ലോഗോ പ്രകാശനം വിജിലൻസ്‌ ഡയറക്‌ടർ മനോജ്‌ എബ്രഹാമിന്‌ നൽകി മന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു. ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്‌ടാവ്‌ മുൻ ഡിജിപി എ. ഹേമചന്ദ്രൻ, ഐജി തോംസൺ ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button