NationalNews

കന്യാസ്ത്രീകളെ ജയിലില്‍ എത്തി കണ്ട് ഇടതു എംപിമാര്‍

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എതിരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടയുള്ള കുറ്റങ്ങള്‍ ചുമത്തിയത് രാഷ്ട്രീയ പ്രേരിതമെന്ന് ജോസ് കെ മാണി എംപി. ദേഹോപദ്രവത്തെക്കാള്‍ ക്രൂരമായി കന്യാസ്ത്രീകളെ മാനസികമായി പീഡിപ്പിച്ചെന്നും ജോസ് കെ മാണി പറഞ്ഞു. അറസ്റ്റിലായ മുതിര്‍ന്ന പൗരകളായ കന്യാസ്ത്രീകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും അവരെ നിലത്താണ് കിടത്തിയതെന്നും അവരെ വിദേശികളെന്ന് വിളിച്ചാക്ഷേപിച്ചെന്നും സിപിഎം എംപി ബൃന്ദാ കാരാട്ട് പറഞ്ഞു. കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗിലെ ജയിലില്‍ എത്തി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടതു എംപിമാര്‍.

കന്യാസ്ത്രീകളോട് അനീതി കാട്ടിയത് ഭരണകൂടമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് നേരത്തെ ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചുണ്ടാക്കിയ രാഷ്ട്രീയ പ്രേരിതമായ കേസാണ്. ദേഹോപദ്രവം നടത്തുന്നതിനെക്കാള്‍ മോശമായിട്ടാണ് അവര്‍ കന്യാസ്ത്രീകളോട് പെരുമാറിയത്. രാജ്യത്തിനകത്ത് തിരുവസ്ത്രം ഉപയോഗിച്ച് സഞ്ചരിക്കാനാകാത്ത അവസ്ഥയാണുള്ളത്. അവരെ സംശയത്തിന്റെ ദൃഷ്ടിയില്‍ നിര്‍ത്തിയിരിക്കുകയാണ് ഭരണകൂടം. രാജ്യത്ത് വിശുദ്ധയായി പ്രഖ്യാപിച്ച അല്‍ഫോന്‍സയുടെ മദര്‍ തെരേസയുടെ പിന്‍മുറക്കാരാണ് അവര്‍. മദര്‍ തെരേസ ജീവിച്ചിരുന്നെങ്കില്‍ അവരെ കൈവിലങ്ങ് അണിയിച്ചേനേയെന്നും ജോസ് കെ മാണി പറഞ്ഞു. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇവരും ചെയ്യുന്നത്. ഇവര്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നു. എന്നിട്ടും എന്തിനാണ് ഇവര്‍ക്കെതിരെ് ഇത്രഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തിയത്. കേസ് റദ്ദാക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ക്രിസ്ത്യാനികളാണെന്ന് മനസിലാക്കിയതോടെ പൊലീസ് തന്ത്രപൂര്‍വം മനുഷ്യക്കടത്ത് ചുമത്തുകയായിരുന്നെന്ന് ആനി രാജ പറഞ്ഞു. കന്യാസ്ത്രീകളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. അവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ആനി രാജ പറഞ്ഞു. റെയില്‍വേയുടെ പൊലീസിന്റെയും സാന്നിധ്യത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അവരെ ചോദ്യം ചെയ്യുകയായിരുന്നു. വളരെ നികൃഷ്ടമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്. അമ്മയുടെ ഉദരത്തില്‍ നിന്ന് എങ്ങനെ പുറത്തുവന്നോ ആ ഗതി നിങ്ങള്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞതായും കന്യാസ്ത്രീകള്‍ പറഞ്ഞതായി ആനി രാജ പറഞ്ഞു. ഉടനടി കേസ് റദ്ദാക്കി കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും ആനിരാജ പറഞ്ഞു. കെ രാധാകൃഷ്ണന്‍, എ എ റഹീം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button