NationalPolitics

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിന് തോല്‍വി; അസാധുവായത് 8 വോട്ട്

ചണ്ഡീഗഢ്‌ മേയർ തെരഞ്ഞെടുപ്പില്‍ അടിതെറ്റി ‘ഇന്ത്യ’ സഖ്യം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കര്‍ 12നെതിരെ 16 വോട്ടുകള്‍ നേടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എ.പിയുടെ കുല്‍ദീപ് കുമാറിന് 12 വോട്ട് ലഭിച്ചപ്പോള്‍ എട്ട് വോട്ടുകള്‍ അസാധുവായി. കോണ്‍ഗ്രസും എ.എ.പിയും കൈകോര്‍ത്ത് സഖ്യമായി മത്സരിച്ചിട്ടും മേയര്‍ സ്ഥാനം കൈവിട്ടത് ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായി.

എക്‌സ് ഒഫീഷ്യോ അംഗമായ കിരണ്‍ ഖേറിന്റെ വോട്ടും മനോജ് കുമാര്‍ സോങ്കറിന് ലഭിച്ചു. എട്ട് പേരുടെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എ.എ.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. വരണാധികാരിയുടെ നടപടിക്കെതിരെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്ന് എ.എ.പി. അറിയിച്ചു

എട്ട് വര്‍ഷത്തെ ബി.ജെ.പി. ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് പൊളിഞ്ഞത്. 35 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി.-കോണ്‍ഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബി.ജെ.പിക്ക് 15 അംഗങ്ങളുമാണുണ്ടായിരുന്നത്.

അനായാസം ഭൂരിപക്ഷം ലഭിക്കുമായിരുന്നിടത്താണ് ബി.ജെ.പി. അട്ടിമറി വിജയം നേടിയത്. ഇന്ത്യ സഖ്യം രൂപവത്കരിച്ച ശേഷം നടന്ന ആദ്യ രാഷ്ട്രീയ പോരാട്ടത്തില്‍ വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പി.

ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ഇന്ത്യ സംഖ്യത്തിന്റെ അഗ്നിപരീക്ഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കോൺഗ്രസും എഎപിയും സംയുക്തമായാണ് സ്ഥാനാർഥികളെ നിർത്തിയത്. കുൽദീപിനെ മേയർ സ്ഥാനാർഥിയായി എഎപി നിർത്തിയപ്പോൾ സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ പദവികളിലേക്ക് കോൺഗ്രസാണ് സ്ഥാനാർഥികളെ നിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35ൽ 14 സീറ്റും ബിജെപി നേടിയപ്പോൾ എഎപിക്ക് 13 കൗൺസിലർമാരുണ്ടായിരുന്നു. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസിന് ഏഴ് പ്രതിനിധികളും സിരോമണി അകാലിദലിന് 1 അംഗവും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button