പിണറായിയും മമതയും സ്റ്റാലിനും അഴിമതിയും അവസരവാദവും നിറഞ്ഞ രാഷ്ട്രീയം നയിച്ചവർ; ഇവരുടെ അന്ത്യം ജനങ്ങൾ കുറിച്ചു; രാജീവ് ചന്ദ്രശേഖർ എം.എൽ.എ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പ്രതിപക്ഷ നിരയിലെ പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവരുടെ രാഷ്ട്രീയ ജീവിതം അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമാണെന്നും, ഇവരുടെ സ്ഥാനചലനത്തിലൂടെ ഈ രാഷ്ട്രീയത്തിന് അന്ത്യമായെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ നടത്തിയുമാണ് ഈ നാല് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു.
ഫെയ്സ്ബുക് പോസ്റ്റ്
പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്. അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee M. K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു. ഇനി ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും. അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്.
ഫെയ്സ്ബുക്കിലെ സ്വന്തം അക്കൗണ്ടിൽ രാജീവ് ചന്ദ്രശേഖർ പങ്കുവച്ച ഈ കുറിപ്പിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു. ബിജെപിക്ക് കേരളത്തിലും തമിഴ്നാട്ടിലും ഭരണം കിട്ടിയില്ലല്ലോയെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ ബിജെപി അധ്യക്ഷൻ്റെ വാദഗതിയെ അനുകൂലിച്ചാണ് ബിജെപി അനുകൂലികൾ അഭിപ്രായം പറഞ്ഞിരിക്കുന്നത്.




