ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഉടന്‍ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായ നിതിന്‍ നബിന്‍ ഉടന്‍ കേരളത്തിലെത്തും. സന്ദര്‍ശനത്തിന്റെ തീയതി അന്തിമമായി നിശ്ചയിക്കുന്ന നടപടികളിലാണ് കേന്ദ്രനേതൃത്വം. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അടിസ്ഥാനങ്ങള്‍ ദൃഢമാക്കി അധികാരത്തിലേക്കെത്തുക എന്നതാണ് പുതിയ അധ്യക്ഷന്റെ പ്രധാന ദൗത്യമെന്നതാണ് ദേശീയ നേതാക്കളുടെ വിലയിരുത്തല്‍.
ചുമതലയേറ്റതിന് പിന്നാലെ നിതിന്‍ നബിനെ കാത്തിരിക്കുന്നത് കേരളം, തമിഴ്‌നാട്, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ്. അടുത്തകാലത്തായി കേരളത്തില്‍ ലോക്‌സഭയില്‍ ഒരു സീറ്റ് നേടുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ അധികാരം ഉറപ്പിക്കുകയും ചെയ്തതോടെ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിച്ച സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്‍ കേരളം സന്ദര്‍ശിക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയനിലപാടുകളില്‍ മാറ്റം സൃഷ്ടിച്ച് നിയമസഭയില്‍ സാന്നിധ്യം വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് നേതൃത്വത്തിന്റെ ദൗത്യം. ആദ്യ സന്ദര്‍ശനം തിരുവനന്തപുരത്ത് ആയിരിക്കുമെന്നാണ് സൂചന. സന്ദര്‍ശനത്തെ കുറിച്ച് സംസ്ഥാന നേതൃത്വത്തിന് ഉറപ്പുമുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.




