ക്രൈസ്തവ വിശ്വാസികളെ ചേര്‍ത്ത്നിര്‍ത്താന്‍ ബിജെപി; മതാടിസ്ഥാനത്തില്‍ യോഗം

മതാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് സംസ്ഥാന ബിജെപി. കോട്ടയത്ത് ഇന്നലെയായിരുന്നു പാര്‍ട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേര്‍ന്നത്. സംഘടനാ ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ ചുമതലയും നല്കി.
ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തില്‍ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ക്രിസ്ത്യന്‍ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാന്‍ സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയില് നടന്ന പവര്‍ പോയിന്റ് പ്രസന്റേഷനുകളില്‍ ബിജെപി ക്രിസ്ത്യന്‍ ഔട്ട്റീച്ച് എന്ന് വ്യക്തമാക്കിയായിരുന്നു ചര്‍ച്ചകള്‍. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് ചുമതല നല്കി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് വ്യാപിപ്പിക്കും.നിലവിലെ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ 30 അംഗ കമ്മിറ്റികളായി വിപുലീകരിക്കും.പിന്നാലെ മണ്ഡലം – ഏരിയ പഞ്ചായത്ത് – തലങ്ങളിലും ക്രിസ്ത്യന്‍ ഔട്ട് റീച്ച് കമ്മിറ്റി രൂപീകരിക്കും. ക്രിസ്ത്യന്‍ ഔട്ട് റീച്ച് ചിലവുകള്‍ക്കായി ഒരു കോടി രൂപ യുദ്ധകാല അടിസ്ഥാനത്തില്‍ പാര്‍ട്ടി മാറ്റിവെച്ചു. ക്രിസ്ത്യന്‍ ഔട്ട് റീച്ച് സംസ്ഥാന കണ്‍വീനര്‍ ഷോണ്‍ ജോര്‍ജില്‍ നിന്ന് കണക്ക് ബോധിപ്പിച്ച് ചിലവ് തുക വാങ്ങാം.സംസ്ഥാന ജോയിന്റ് ട്രഷറര്‍ക്കാണ് കണക്കുകള്‍ നോക്കാന്‍ ചുമതല. കോട്ടയത്ത് ക്നാനായ കത്തോലിക്കാ സഭാ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി.




