News

ബിജെപിയില്‍ തലമുറമാറ്റം : നിതിൻ നബീൻ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

ബിഹാറിലെ മന്ത്രി നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിതിന് ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. നിതിൻ നബീൻ ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്. നബീൻ്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു.

പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചർച്ചയിലും ഉയർന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോൾ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറായി നിയോഗിച്ചിരിക്കുന്നത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീൻ. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിൻ നബീൻ പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് 2010 മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിൻ്റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.

2019 ആദ്യം ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും. വർക്കിംഗ് പ്രസിഡൻറായ നിതിൻ നബീൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴിയൊരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button