ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞ് ഓടിച്ചു

0

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കുനേരെ ആള്‍കൂട്ട ആക്രമണം. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ ഝാര്‍ഗ്രാമില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രണാത് ടുഡുവിനുനേരെയാണ് ഗര്‍ബേറ്റയിലെ മംഗലപൊട്ട പ്രദേശത്ത് ആക്രമണം ഉണ്ടായത്.

ബിജെപി വെസ്റ്റ് ബംഗാള്‍ നേതാവ് അമിത് മാളവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സ്ഥാനാര്‍ത്ഥിക്കും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലേറുണ്ടായ കാര്യം വ്യക്തമാക്കുന്നത്. പ്രണാത് ടുഡുവിന്റെ തൊട്ടരികെ വലിയ കല്ലുകള്‍ വന്ന് വീഴുന്നതും അക്രമികള്‍ പിന്തുടരുന്നതും സുരക്ഷ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

ബംഗാളിലെ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. വോട്ട് രേഖപ്പെടുത്താനുള്ള വരിയില്‍ നിന്ന സ്ത്രീയെ ടിഎംഎസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് ചോദ്യം ചെയ്തതാണ് തങ്ങള്‍ക്കുനേരെ ആക്രമണത്തിന് കാരണമായതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി പ്രണാത് ടുഡുവിന്റെ ഏജന്റുമാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍പേട്ടയിലെ ചില പോളിംഗ് ബൂത്തുകളിലേക്ക് പോകുകയായിരുന്നുവെന്ന് ബിജെപി പറയുന്നു.

‘പെട്ടെന്ന്, റോഡ് ഉപരോധിച്ച ടിഎംസി ഗുണ്ടകള്‍ എന്റെ കാറിന് നേരെ ഇഷ്ടിക എറിയാന്‍ തുടങ്ങി. എന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് പരിക്കേറ്റു. എന്നെ അനുഗമിച്ചിരുന്ന രണ്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് തലയ്ക്ക് പരിക്കേറ്റു, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ തുഡു വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, വോട്ടുചെയ്യാന്‍ വരിയില്‍ നിന്ന സ്ത്രീയെ തുഡുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചതായും അതിനെതിരെ ‘ഗ്രാമവാസികള്‍ പ്രകോപിതരായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നുവെന്നും തൃണമുല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും ജനക്കൂട്ടം അടിച്ചു തകര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019-ല്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി വിജയിച്ച 18-ല്‍ ഒന്നായിരുന്നു ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം, ഇവിടെ ഇപ്പോള്‍ മത്സരിക്കുന്നത് ബിജെപിക്കുവേണ്ടി പ്രണോത് ടുഡു, തൃണമൂല്‍ കോണ്‍ഗ്രസിലെ കലിപദ സോറന്‍, സിപിഎമ്മിലെ സോനമാമു മുര്‍മു (തുഡു) എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here