വിവാഹത്തിന് വിസമ്മതിച്ച യുവാവിനുനേരെ ആസിഡ് ആക്രമണം; 24കാരി അറസ്റ്റില്‍
പാട്ന: ബന്ധത്തില്‍ നിന്ന് പിന്മാറി വേറെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിന്റെ മുഖത്ത് ആസിഡ് ആക്രമണം നടത്തി യുവതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 24കാരിയായ സരിതാ കുമാരിയാണ് ധര്‍മേന്ദ്ര കുമാര്‍ എന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്.
ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതാ കുമാരിയെ വിവാഹം കഴിക്കാന്‍ ധര്‍മേന്ദ്ര കുമാര്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധര്‍മേന്ദ്ര കുമാറും സരിതാ കുമാരിയും അയല്‍ക്കാരായിരുന്നു. ഇവര്‍ അഞ്ച് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് രഞ്ജന്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ധര്‍മേന്ദ്ര കുമാറിനെ യുവതി കാണാനായി വീട്ടിലേക്ക് വിളിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇയാള്‍ മടങ്ങുന്നതിനിടെയാണ് യുവതിയും മറ്റൊരാളും ചേര്‍ന്ന് ആസിഡൊഴിച്ചത്. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് യുവാവിനെ ആക്രമിക്കാന്‍ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവിന്റെ മുഖം താന്‍ ആസിഡൊഴിച്ച് വികൃതമാക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
- കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
- ഹൈസ്ക്കൂള് സമയമാറ്റം തുടരും; വിദ്യഭ്യാസമന്ത്രി
- ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം
- കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
- അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു, മാസങ്ങളായി വ്യായാമം ചെയ്തു,ജയിൽ കമ്പി കട്ട് ചെയ്യാനുള്ള ആയുധം നേരത്തെ എത്തിച്ചു; ഗോവിന്ദച്ചാമി ജയിൽചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം