
കനത്ത സുരക്ഷയില്‍ ബിഹാറില്‍ അവസാന ഘട്ട പോളിങ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. 45,339 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിത്. മുസ്‌ലിം ജനസംഖ്യ കൂടിയ സീമാഞ്ചല്‍ മേഖലയിലാണ് ഈ ജില്ലകളില്‍ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ സഖ്യത്തിന് ഏറെ നിര്‍ണായകമാണ് ഈ ഘട്ടം.
ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിങ് നടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിങ്ങിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും. അതേസമയം, ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.



