സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ല; മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍ തീരുമാനം

തിരുവനന്തപുരം: കേരള സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ നടന്നുവന്നിരുന്ന ശീതയുദ്ധത്തിന് സമാപ്തി. ഇന്നലെ നടന്ന മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടുണ്ട്.
സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ചിത്രം വന്നതില്‍ ഗൂഢാലോചന ഇല്ലെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞു
സര്‍ക്കാര്‍ പട്ടിക അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ സമ്മതിച്ചു. ഡിജിറ്റല്‍ സാങ്കേതിക വൈസ് ചാന്‍സലറുമാരെ ഉടന്‍ തീരുമാനിക്കും. സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തിലെ വില്ലനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയാണ് ഗവര്‍ണര്‍ കാണുന്നത്. ചെറിയ കാര്യം വലുതാക്കിയത് മന്ത്രി വി ശിവന്‍കുട്ടിയാണെന്ന് ഗവര്‍ണര്‍ക്ക് പരാതിയുണ്ട്. ശിവന്‍കുട്ടിയുടെ വാക്കൗട്ടാണ് പ്രശ്‌നം ഇത്ര വലുതാക്കിയത്. മറ്റൊരു മന്ത്രിയായ പി പ്രസാദിന്റെ ഇടപെടല്‍ മാന്യമായിരുന്നുവെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞു.