ബജ്‌രംഗ് ദൾ ഭീകരപ്രസ്ഥാനം ; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം

കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം. ബജ്‌രംഗ് ദൾ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശർമ്മയ്ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല എന്നും ‘ദീപിക’ വിമർശിക്കുന്നു.
പാകിസ്ഥാനിൽ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതേ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് നേരിടുന്നതെന്നും മതം പറഞ്ഞ് കൊലപ്പെടുത്തിയവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്ക് മുന്നിൽ പത്മാസനത്തിലിരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുന്നു.
ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘപരിവാർ സംഘടനകൾ അഴിച്ചിടുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ‘ദീപിക’യുടെ വിമർശനം. ജ്യോതി ശർമയെ ‘മത’മിളകിയ സ്ത്രീ എന്നാണ് ‘ദീപിക’ വിശേഷിപ്പിച്ചത്. ജ്യോതി ശർമക്കെതിരെ ഒരു പെറ്റിക്കേസ് പോലുമില്ല. നിരപരാധികളായ രണ്ട് കന്യാസ്ത്രീകൾ 52 തടവുകാർക്കൊപ്പം ജയിലിന്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ്കാ വികാസ് എന്നും ‘ദീപിക’ പരിഹസിക്കുന്നു.