
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മിഥുന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേകപ്പെടുത്തി. വളരെയധികം വേദനിപ്പിക്കുന്നതാണ് സംഭവം. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും അവകാശപ്പെട്ടതാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ആറ് വർഷം മുൻപ്, ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് ഒരു പെൺകുട്ടി മരിച്ചതിനെത്തുടർന്ന്, സ്കൂളുകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഞാൻ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൊല്ലത്ത് ഒരു സ്കൂളിൽ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള മിഥുൻ മനുവിന്റെ ജീവൻ നഷ്ടപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഇത്തരമൊരു സങ്കൽപ്പിക്കാനാവാത്ത നഷ്ടം ഒരു രക്ഷിതാവിനും ഉണ്ടാകരുത്. ഓരോ കുട്ടിക്കും സുരക്ഷിതമായ പഠന അന്തരീക്ഷത്തിനുള്ള അവകാശമുണ്ട്’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.