
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മറ്റി യോഗത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർകാവിൽ ആർ. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ മാസം പകുതിയോടെ മണ്ഡലങ്ങളിൽ പ്രചരണം തുടങ്ങാനാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും നാൽപതിനായിരത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവർത്തനം ശക്തിപ്പെടുത്തുക.
കാട്ടാക്കടയിൽ – പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററിൽ – ജി കൃഷ്ണകുമാർ, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂർ – കുമ്മനം രാജശേഖരൻ, കായംകുളം – ശോഭ സുരേന്ദ്രൻ, പാലാ- ഷോൺ ജോർജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനുള്ള സാധ്യതയുണ്ട്. നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്നതാണ് പ്രധാനമായും ബിജെപിയുടെ ലക്ഷ്യം.




