News

മഴയും പ്രളയവും തകർത്ത അസം; മരണം 62, ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു. 24 മണിക്കൂറിനിടെ 14 പേർക്ക് ജീവൻ നഷ്ടമായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു. ചിലയിടങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങൾ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ബന്ധപ്പെട്ട് വിലയിരുത്തി.

സംസ്ഥാന സർക്കാരിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും ഭാഗമാകുന്നുണ്ട്. സർക്കാർ ബുള്ളറ്റിൻ പ്രകാരം, 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 34,970.8 ഹെക്ടറിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. നദീതീരങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശം സംഭവിച്ചു.

വെള്ളിയാഴ്ച ചരൈദിയോ ജില്ലയിൽ ഏഴുപേരും ശിവസാഗറിൽ ആറുപേരും ജോർഹട്ടിൽ ഒരാളുമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (27) മരണപ്പെട്ടത്, മഴയും വെള്ളപ്പൊക്കവും മൂന്നുലക്ഷത്തോളം പേരെ ബാധിച്ചു. സംസ്ഥാനത്തെ ആറു ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 18,902 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്.

മഴക്കെടുതിയുടെ വ്യാപ്തിയെക്കുറിച്ചും നിലവിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും താഴെത്തട്ടിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ദുരിതബാധിതരായ ഓരോ കുടുംബത്തിലേക്കും സഹായമെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button