KeralaNews

ആറളത്തെ മാവോയിസ്റ്റ് വെടിവെയ്പ്പ്; തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം

കണ്ണൂർ: ആറളത്ത്‌ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടർന്ന് തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം. ആറളത്തിന് തൊട്ടടുത്തു കിടക്കുന്നത് കർണാടക വനമേഖലയായത് കൊണ്ടാണ് പരിശോധനയ്ക്കായി സഹായം തേടിയത്. വെടിവെയ്പ്പ് ഉണ്ടായ പ്രദേശത്ത് ഇന്ന് കൂടുതൽ പരിശോധന നടത്തും. തണ്ടർബോൾട്ടും പൊലീസിന്റെ പ്രത്യേക സ്ക്വാഡുമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ വ്യാപിപ്പിക്കുന്നത്.

ആദ്യമായാണ് ആറളം മേഖലയിൽ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ വെടിവെയ്പ്പ് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഇതിനെ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേളകം, അമ്പായത്തോട് അടക്കമുള്ള ഇടങ്ങളിൽ മാവോയിസ്റ്റുകൾ വന്നു പോയിരുന്നു. കബനീ ദളത്തിൽപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വനം വകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് ആറളത്ത് എത്തുന്നുണ്ട്.

അതേസമയം, വനപാലകർക്കുനേരെ വെടിയുതിർത്ത മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി. അഞ്ചംഗ സംഘത്തിനെതിരെ വധശ്രമ കുറ്റത്തോടൊപ്പമാണ് യുഎപിഎയും ചുമത്തിയത്. സംഘത്തിലെ രണ്ടുപേരെ വനപാലകർ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button