KeralaNews

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ തന്നെ പ്രസിഡന്റായി തുടരാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടത്താതെ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ പുതിയ ഭാരവാഹികളായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ചയാകും

താരസംഘടനയായ അമ്മയുടെ 31-ാം വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് കൊച്ചിയില്‍ നടക്കുന്നത്. സംഘടനയുടെ നേതൃത്വം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. മോഹന്‍ലാല്‍ തന്നെ വീണ്ടും പ്രസിഡന്റായി എത്താനാണ് സാധ്യത. മേയ് 31ന് നടന്ന അഡ്‌ഹോക് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ പൊതുതാല്‍പര്യം മോഹന്‍ലാലിനെ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടന്നാല്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നതായാണ് സൂചന. തെരഞ്ഞെടുപ്പ് നടത്താതെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ പുതിയ ഭാരവാഹികളായി നിയമിച്ചേക്കുമെന്നാണ് വിവരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖും ട്രഷറര്‍ സ്ഥാനത്തു നിന്ന് ഉണ്ണി മുകുന്ദനും രാജിവെച്ച ഒഴിവുകളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറല്‍ സെക്രട്ടറി ആക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

സിനിമാ സെറ്റുകളിലെ ലഹരി വ്യാപനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താര സംഘടനയ്ക്ക് നല്‍കിയ കത്തും ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button