രത്തൻ ഖേൽക്കറുടെ നിയമനം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാൽ; ‘ഭരിക്കുന്നവരുടെ തീരുമാനം’ എന്ന് മറുപടി; വിവാദങ്ങൾക്കിടെ ഖേൽക്കർ ഇന്ന് ചുമതലയേൽക്കും!

ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന രത്തൻ ഖേൽക്കറെ നിയമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഖേൽക്കറെ നിയമിച്ചത് ഭരണപരമായ കാര്യങ്ങളാണെന്നും ഭരിക്കുന്നവരുടെ തീരുമാനങ്ങളാണെന്നും ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വിവാദം ദേശീയതലത്തിൽ ചർച്ചയാക്കി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. രത്തൻ ഖേൽക്കറുടേത് സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമെന്നും ബിജെപി വക്താവ് വിമർശിച്ചു. പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ കേൽക്കര്‍ ഇന്ന് ചുമതലയേൽക്കും.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രംഗത്തെത്തി. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം. എന്നാൽ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രിയും കെപിസിസി പ്രസിഡന്‍റുമായി സണ്ണി ജോസഫ് പ്രതികരിച്ചു.



