Blog

എയർ ഇന്ത്യയ്ക്ക് വൻ അമളി; പ്രവേശനാനുമതി ഇല്ലാത്ത വിമാനം കാനഡയിലേക്ക് അയച്ചു; 9 മണിക്കൂർ പറന്ന ശേഷം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: പ്രവേശനാനുമതി ഇല്ലാത്ത വിമാനം കാനഡയിലെ വാൻകൂവറിലേക്ക് അയച്ച് എയർ ഇന്ത്യ. ഒൻപത് മണിക്കൂറോളം പറന്ന ശേഷം വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിനു പകരം മറ്റൊരു വിമാനം അബ​ദ്ധത്തിൽ ഉപയോ​ഗിച്ചതാണെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് എയർ ഇന്ത്യയുടെ എഐ185 വിമാനം യാത്രക്കാരുമായി വാൻകൂവറിലേക്ക് പറന്നുയർന്നത്. ഗൾഫ് സംഘർഷ മേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെ നാല് മണിക്കൂറോളം പറന്ന് കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് എയർലൈൻ അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് ഡൽഹിയിലേക്ക് തിരികെ പറക്കുകയായിരുന്നു. മണിക്കൂറുകൾക്കൊടുവിൽ വിമാനം സുരക്ഷിതമായി തന്നെ ‍ഡൽഹിയിൽ ഇറങ്ങി.

കാനഡയിലേക്കുള്ള സർവീസുകൾക്കായി ബോയിങ് 777-300ഇആർ എന്ന വിമാനം ഉപയോഗിക്കാനാണ് എയർ ഇന്ത്യയ്ക്ക് നിലവിൽ അനുമതിയുള്ളത്. എന്നാൽ ബോയിങ് 777-200എൽആർ എന്ന വിമാനമാണ് കമ്പനി അയച്ചത്. കാനഡയിൽ ഈ വിമാനം ഇറക്കാൻ പ്രത്യേക അനുമതിയില്ലാത്തതിനാലാണ് വിമാനം പാതിവഴിയിൽ മടങ്ങിയത്.

പിഴവ് ​ഗുരുതരമായി തന്നെയാണ് കാണുന്നതെന്നു എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം തിരികെ ഇറക്കിയതിലും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനും കമ്പനി ഖേദം പ്രകടിപ്പിച്ചു. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയച്ചതായി എയർ ഇന്ത്യ പിന്നീട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button