എഐ കാമറകള്‍ നോക്കുകുത്തിയായി ; ചുമത്തിയ പിഴ 592.20 കോടി, കിട്ടിയത് 25 ശതമാനം

കേരളത്തിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കുറയ്ക്കുക ലക്ഷ്യമിട്ട് എഐ കാമറ ഉള്‍പ്പെടെ സ്ഥാപിച്ചു നടപ്പാക്കിയ ആധുനികവത്കരണം പൂര്‍ണതോതില്‍ ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉപകരിച്ചു എന്നതിന് അപ്പുറത്ത് നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ പിരിച്ചെടുത്തുന്നതില്‍ ഉള്‍പ്പെടെ കാര്യമായ പുരോഗതി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള പദ്ധതിക്ക് 2023 ജൂണ്‍ 5 നാണ് തുടക്കമായത്. സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 675 എ ഐ ക്യാമറകള്‍ ഉള്‍പ്പെടെ 726 അത്യാധുനിക ക്യാമറകളുടെ സഹായത്തോടെയായിരുന്നു നിയമ ലംഘകരെ കുടുക്കാനുള്ള ആധുനിക വത്കരണം നടപ്പാക്കിയത്. ഇതുപയോഗിച്ച് 9,097,613 നിയമ സംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ്, വ അമിത വേഗത എന്നിവയില്‍ നിന്നും 592.20 കോടിയാണ് പിഴ ചുമത്തിയത്. എന്നാല്‍ ഇതില്‍ 152.27 കോടി മാത്രമാണ് സര്‍ക്കാരിലേക്ക് എത്തിയത്. പിഴത്തുകയുടെ നാലില്‍ ഒന്ന് മാത്രമാണ് സര്‍ക്കാരിലേക്ക് എത്തിയത് എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിലൂടെ സര്‍ക്കാരിന്റെ വരുമാനം ഉള്‍പ്പെടെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ പദ്ധതിയാണ് ഇത്തരത്തില്‍ ലക്ഷ്യം കാണാതെ പോകുന്നത്. പിഴയൊടുക്കാത്ത നിയമ ലംഘകര്‍ നിരത്തില്‍ തുടരുമ്പോള്‍ കാമറകള്‍ നോക്കുകുത്തിയാകുന്നു എന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പിഴ പിരിച്ചെടുക്കുന്നതില്‍ വീഴ്ച ഉണ്ടെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും അപകടങ്ങള്‍ കുറയ്ക്കുക എന്ന പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.