മോദിയെ കാത്തിരിക്കുന്നത് അദ്വാനിയുടെ വിധിയോ? കെജ്രിവാള്‍ തുറന്നുവിട്ടത് ആദിത്യനാഥ് – അമിത് ഷാ ഭൂതങ്ങളെ

0

ദില്ലി: നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്നത്തെ ചര്‍ച്ച ഇന്നലെ അരവിന്ദ് കെജ്രിവാള്‍ ഉയര്‍ത്തിയ ചോദ്യങ്ങളെക്കുറിച്ചാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യമായിരുന്നു ദില്ലി മുഖ്യമന്ത്രിയുടെ ചോദ്യം. 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ തന്റെ ആദ്യവാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്യം വെച്ചത് മുഴുവനായും നരേന്ദ്രമോദിയെയായിരുന്നു.

അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി ശ്രമിക്കുന്നത്. മൂന്നാമതും അധികാരത്തിലെത്തിയാല്‍ രണ്ടുമാസത്തിനുള്ളില്‍ മുഖ്യമന്ത്രി കസേരയില്‍ നിന്ന് യോഗി ആദിത്യനാഥിനെ പുറത്താക്കും. അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയുംപോലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ 75 വയസ്സില്‍ വിരമിക്കണമെന്ന ചട്ടം കൊണ്ടുവന്ന മോദിക്കും സെപ്റ്റംബറില്‍ 75 വയസ്സാകും. അപ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി ആരെന്ന ചോദിക്കുന്ന ബിജെപി ആദ്യം അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം. നിങ്ങള്‍ വോട്ടുചെയ്യുന്നത് നരേന്ദ്രമോദിക്കാണെങ്കിലും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ പോകുന്നത് അമിത് ഷായാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ കെജ്രിവാളിന് മറുപടിയുമായി രംഗത്തെത്തിയത് അമിത് ഷാ ആയിരുന്നു. 75 വയസ്സെന്ന നിര്‍ബന്ധം ബിജെപിയിലില്ലെന്നും മോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. പക്ഷേ, ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ ഈ മറുപടികൊണ്ടുമാത്രം കാര്യങ്ങള്‍ ഒതുങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയുടെ പിന്‍ഗാമിയായി തീവ്ര ബിജെപി വിഭാഗം പ്രതീക്ഷിക്കുന്നത് യോഗി ആദിത്യനാഥിനെയായിരുന്നു. എന്നാല്‍, അമിത് ഷാ ആയിരിക്കും ആ സ്ഥാനത്തേക്കെന്ന സൂചന പ്രതിപക്ഷത്തുനിന്ന് ഉണ്ടായത് ബിജെപി അണികളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍.

അദ്വാനിയെ ഒതുക്കാന്‍ പറഞ്ഞ 75 വയസ്സെന്ന പ്രായപരിധി മോദിക്ക് മാത്രമായി എങ്ങനെ ഒഴിവാക്കുമെന്ന ചോദ്യവും ഉയരുകയാണ്. ഇതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ ഉത്തര്‍പ്രദേശിലും പ്രതിരോധിക്കാന്‍ ഇന്ത്യ മുന്നണിക്ക് സാധിക്കുന്നുണ്ടെന്നതാണ് വസ്തുത. യോഗിയുടെ അണികളോട് എന്ത് പറഞ്ഞ് സമാധാനപ്പെടുത്തുമെന്നാണ് യുപിയിലെ ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ ചിന്ത.

LEAVE A REPLY

Please enter your comment!
Please enter your name here