Blog

എഎപിയിൽ വൻ പിളർപ്പ്: രാഘവ് ഛദ്ദയും സംഘവും ബിജെപിയിൽ; രാജ്യസഭയിൽ ആം ആദ്മിക്ക് പകുതിയിലേറെ എംപിമാരെ നഷ്ടമായി

ദില്ലി: ആം ആദ്മി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടി വിടുന്നുവെന്ന് പ്രഖ്യാപിച്ച രാഘവ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം എടുത്തു. എ എ പി രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ് ബി ജെ പി ഇവരെ സ്വീകരിച്ചത്. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂവർക്കും മധുരം നൽകിയാണ് വരവേറ്റത്. എ എ പി വിടുന്നുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു രാഘവ് ഛദ്ദയുടെ അപ്രതീക്ഷിത നീക്കം. ഛദ്ദക്കൊപ്പം പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരുടെ പടിയിറക്കം എ എ പിയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.

അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എ എ പി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി നേതാക്കൾ പ്രതികരിച്ചു. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം. നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി പൂർണ്ണമായി അകന്നിരുന്നു. പുതിയ ഉപ നേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞിടെ ഇ ഡി റെയിഡ് നടന്നിരുന്നു. ഓപ്പറേഷൻ ലോട്ടസാണ് നടന്നതെന്നും ജനങ്ങൾ പാർട്ടി വിട്ടവർക്ക് മാപ്പ് നൽകിയില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു.

ക്രെജ്രിവാളിനെയും സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. മദ്യനയ അഴിമതി കേസിൽ കോടതി പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കിയതോടെ തിരിച്ചുവരവിനായി ക്രെജ്രിവാളും എ എ പി യും ശ്രമിക്കുന്നതിനിടയാണ് പിളർപ്പ്. അടുത്തവർഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തിനുള്ള എം പിമാർ അടക്കം പാർട്ടി വിട്ടത്. അതേസമയം 7 പേരും ബി ജെ പിയിലെത്തിയാൽ രാജ്യസഭയിൽ ബി ജെ പി എം പിമാരുടെ എണ്ണം 106 നിന്ന് 113 ആയി ഉയരും. പഞ്ചാബിലെ എ എ പി സർക്കാരിനെ അടക്കം ഈ കൂറുമാറ്റം ബാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button