തിരുവനന്തപുരം: വീടില്ലാത്തവർക്ക് വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഒരു കൈ സഹായം നൽകുകയാണ് തിരുവനന്തപുരം പോങ്ങനാട് സബീൽ ഹൗസിൽ നസീറുദ്ദീൻ. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട നാലു കുടുംബങ്ങൾക്കാണ് ഏറെ നാൾ പ്രവാസിയായിരുന്ന നസീറുദ്ദീൻ തന്റെ ഭൂമി നൽകുന്നത്. പഞ്ചായത്ത് വീട് അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാൽ വീട് നിർമ്മാണം തുടങ്ങാനായില്ല. ഈ സാഹചര്യത്തിലാണ് നസീറുദ്ദീൻ നാല് കുടുംബങ്ങൾക്കും സ്ഥലം നൽകാൻ തീരുമാനിച്ചത്. കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന, ഭിന്നശേഷിക്കാരും ദളിത് കുടുംബാംഗങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ .
ഈ കുടുംബങ്ങൾ ബന്ധുവീടുകളിലും വാടകവീടുകളിലും ഒക്കെ കഴിയുന്നവരാണ്. ഇവരുടെ നിർദ്ധനാവസ്ഥ മനസ്സിലാക്കിയ ഗ്രാമപഞ്ചായത്ത് ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ വീടുവയ്ക്കാൻ ഇടമില്ലാതെ വന്നതോടെയാണ് നസീറുദ്ദീൻ ഇവർക്ക് 20 സെന്റ് ഭൂമി വിട്ട് നൽകിയത്. കൂടാതെ ഇവിടെക്ക് മൂന്നു മീറ്റർ വീതിയിൽ റോഡും അദ്ദേഹം തന്നെ നിർമ്മിച്ചു നൽകി. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.