KeralaNews

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് വനംവകുപ്പ്

മൂന്നാര്‍ ചിന്നക്കനാലില്‍ പതിറ്റാണ്ടുകളായി സ്വകാര്യ കമ്പനിയുടെ കൈവശമിരുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്ടര്‍ (നൂറിലധികം ഏക്കര്‍) ഭൂമിയാണ് ഹൈക്കോടതി വിധി വന്ന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തത്.

ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാസങ്ങളോളം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കും ഒടുവിലാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഭൂമി തിരിച്ചുപിടിച്ചത്. വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറികളില്‍ ഒന്നാണ് മൂന്നാര്‍ ചിന്നക്കനാലില്‍ പൂര്‍ത്തിയായിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന, അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ ഭൂമിയാണ് വനംവകുപ്പ് സ്വകാര്യ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിച്ചിരിക്കുന്നത്.

1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975-ല്‍ എച്ച്എംഎല്‍ കമ്പനിയില്‍ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 210.89 ഹെക്ടര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. കമ്പനിയുടെ ഹര്‍ജിയില്‍ 1987-ല്‍ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. 168.72 ഹെക്ടര്‍ കമ്പനിക്ക് തിരികെ നല്‍കാനും, അവശേഷിക്കുന്ന 42.72 ഹെക്ടര്‍ സര്‍ക്കാരിന് ഏറ്റെടുക്കാനും കോടതി അനുമതി നല്‍കി.വിധി വന്നിട്ടും, 2001-ല്‍ ഈ ഭൂമി റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ കാരണം ഭൂമി കൈമാറാന്‍ കമ്പനി തയ്യാറായില്ല. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രമായ ഈ ഭൂമിയിലാണ് കൊളുക്കുമലയ്ക്ക് സമീപം കമ്പനി ഭൂമി പാട്ടത്തിന് നല്‍കി സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ടെന്റ് ക്യാംപ് നടത്തിവന്നിരുന്നത്. പ്രകൃതിയെ ചൂഷണം ചെയ്ത് കമ്പനി ഇവിടെ കോടികളാണ് കൊയ്തത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാസങ്ങള്‍ നീണ്ട കഠിനമായ രഹസ്യ സര്‍വേയ്ക്ക് ഒടുവിലാണ് സര്‍വേ നമ്പറുകളായ 355-479, 353-482, 361 എന്നിവയിലുള്‍പ്പെട്ട ഈ ഭൂമി കമ്പനിയുടെ പട്ടയത്തില്‍ നിന്ന് പൂര്‍ണമായി കുറവുചെയ്ത് വനംവകുപ്പിന്റെ അധീനതയിലാക്കിയത്. കോര്‍പ്പറേറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഈ ദൗത്യം പൂര്‍ത്തിയാക്കിയത് ഹൈറേഞ്ച് സിസിഎഫ് ഡി കെ വിനോദ്കുമാര്‍, മൂന്നാര്‍ ഡിഎഫ്ഒ സാജു വര്‍ഗീസ് എന്നിവരുടെ നിര്‍ദേശ പ്രകാരം ദേവികുളം റേഞ്ച് ഓഫീസര്‍ ഇ ഡി അരുണ്‍കുമാര്‍, ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഹാരിസണ്‍ ശശി, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ് സജീവ് കുമാര്‍, സാജു റ്റി ആര്‍, ഫോറസ്റ്റ് ബീറ്റ് അസി എസ് അമ്പുമണി എന്നിവരാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികരിച്ചത്. കടുത്ത എതിര്‍പ്പുകളെ മറികടന്ന് ഉദ്യോഗസ്ഥര്‍ ഈ ഭൂമിയില്‍ വനംവകുപ്പിന്റെ ജണ്ടകളും ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button