National

രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ഡൽഹിയിലെത്തിയത്; രാജ്യ തലസ്ഥാനത്ത് ചലോ മാർച്ച് ഇന്ന്

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ രാത്രിയോടെ കർഷകർ എത്തി. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ് കർഷകർ മാർച്ചുമായി മുന്നോട്ട് പോയത് .

രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ഡൽഹി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേൽ ചുമത്തുകയാണ് ലക്ഷ്യം. കാലങ്ങളായി ഉന്നയിക്കുന്ന താങ്ങുവില, വിള ഇൻഷുറൻസ്, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകൾ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.

കർഷകരെ തടയാൻ അതിർത്തികളിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഡൽഹി, യുപി, ഹരിയാന അതിർത്തികളിൽ ട്രാക്ടറുകൾ തടയാനാണ് നീക്കം. ട്രാക്ടറുകൾ അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾ, കോൺക്രീറ്റ് ബീമുകൾ, മുള്ള് വേലികൾ എല്ലാം അതിർത്തികളിൽ സ്ഥാപിച്ചു. ഹരിയാനയിലെ 15 ജില്ലകളിൽ ഇന്റെർനെറ്റ് റദ്ദാക്കി. ദ്രുത കർമ്മ സേനയെ വിന്യസിച്ചു. ഹരിയാന, യുപി അതിർത്തികളിലും ഡൽഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡ്രോണുകളുടെ ഉൾപ്പെടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button