News

“ധനരാജ് കൊലക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; അഞ്ച് ലക്ഷം രൂപ വീതം പിഴയും”

കണ്ണൂർ: സിപിഎം പ്രവർത്തകനും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന സി ധനരാജിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. അഞ്ച് ലക്ഷം രൂപ വീതം പിഴയയും പ്രതികൾ അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ അ‌ഞ്ച് വർഷം അധികശിക്ഷ അനുഭവിക്കണം. കേസിലെ ഒന്നാം പ്രതി ടി പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്.

തിങ്കളാഴ്‌ചയാണ് ആദ്യ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇതിൽ രണ്ടാം പ്രതിയും മൂന്നാം പ്രതിയും സഹോദരങ്ങളാണ്. കൊല നടന്ന സ്ഥലത്ത് 11 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ നേരിട്ട് കൃത്യം നിർവഹിച്ച ആദ്യ മൂന്ന് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിഞ്ഞതായാണ് കോടതിയുടെ കണ്ടെത്തൽ. നാല് മുതൽ 20 വരെയുള്ള ബാക്കി 16 പ്രതികളെ വെറുതെവിട്ടിരുന്നു.

വെറുതെവിട്ട പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകൾ പര്യാപ്‌തമല്ല എന്നിങ്ങനെ ചൂണ്ടിക്കാട്ടിയാണ് 16 പ്രതികളെ കോടതി വെറുതെവിട്ടത്. ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും കോടതി പറഞ്ഞു. ആർഎസ്‌എസ്, ബിജെപി പ്രവർത്തകരാണ് പ്രതികൾ. കൊലപാതകം നടന്ന് ഒരു പതിറ്റാണ്ടിനുശേഷമാണ് വിധി വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button